പത്തനംതിട്ട: ശബരിമല ഓണം പൂജയുമായി ബന്ധപ്പെട്ട് നടതുറക്കുന്ന സമയങ്ങളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിയമിച്ചു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ സാനിറ്റേഷന്‍ സുപ്പര്‍വൈസര്‍, സ്ക്വാഡ് ലീഡര്‍, സ്ക്വാഡ് അംഗങ്ങള്‍ എന്നീ ചുമതലകളും ലൈസന് ജോലികളും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉത്പന്ന നിരോധനം, നിരോധിത ഉത്പന്നങ്ങളുടെ വില്പന തടയല്‍ തുടങ്ങിയ ചുമതല നിര്‍വഹിക്കും.
സാനിറ്റേഷന്‍ സുപ്പര്‍വൈസര്‍ ചുമതലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്കു കീഴില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങള്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആവശ്യമായ നിർദേശം നല്‍കും. മാലിന്യം നദിയിലേക്ക് നിക്ഷേപിക്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് 24 മുതല്‍ 28 വരെ ശബരിമല നട തുറക്കും.